കല്ലടിക്കോട്(പാലക്കാട്): എസ്എസ്എൽസിയിൽ മുഴുവൻ എ പ്ലസ് കുറയ്ക്കാനായി മൂല്യനിർണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ചോദ്യപേപ്പർ ഘടനയിൽ മാറ്റംവരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറയ്ക്കാൻ നേരത്തേയും വകുപ്പ് നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചത്. മുഴുവൻ വിഷയത്തിൽ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാരിനു തലവേദനയാകാറുണ്ട്. മുൻവർഷങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്സിനു സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് എ പ്ലസ് കുറയ്ക്കാനുള്ള തീരുമാനം.
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരേ അധ്യാപകർപോലും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണു മൂല്യനിർണയവും കടുപ്പിക്കുന്നത്. അപൂർണമായ ഉത്തരങ്ങൾക്ക് നേരത്തേ അര മാർക്ക് നൽകിയിരുന്നു. എന്നാൽ ഇനി അതു വേണ്ടെന്നാണു നിർദേശം.
പൂർണമായ ഉത്തരം എഴുതിയാൽ മാത്രം മുഴുവൻ മാർക്കും നൽകിയാൽ മതിയെന്നാണു പുതിയ തീരുമാനം.